ലണ്ടന്: ചെൽസിയുടെ പുതിയ പരിശീലകനായി ലിയാം റൊസെനിയര് എത്തുന്നു. ഫ്രഞ്ച് ക്ലബ്ബായ റേസിംഗ് സ്ട്രാസ്ബർഗിൽ നിന്ന് ലിയാം റോസെനിയറിനെ ചെൽസി പുതിയ മുഖ്യ പരിശീലകനായി നിയമിച്ച് കരാർ ഒപ്പുവച്ചതായി പ്രീമിയർ ലീഗ് ക്ലബ് അറിയിച്ചു.
2032 വരെയാണ് ലിയാമിന്റെ കരാർ കാലാവധി. ആദ്യ സീസണിൽ സ്ട്രാസ്ബർഗിനെ യൂറോപ്യൻ യോഗ്യതയിലേക്ക് നയിച്ച റോസെനിയർ പുതുവത്സര ദിനത്തിൽ ചെൽസിയുമായി വഴിപിരിഞ്ഞ എൻസോ മരെസ്കയ്ക്ക് പകരക്കാരനായാണ് എത്തുന്നത്.
ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി നിയമിതനായതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്. നിരവധി ട്രോഫികൾ നേടിയ ചരിത്രമുള്ള ക്ലബ്ബിന്റെ ഭാഗമായതിൽ അഭിമാനമുള്ളതായും റൊസെനിയര് പറഞ്ഞു.
മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ലെറോയ് റോസെനിയറുടെ മകനായ ലിയാം ഫുൾഹാം, റീഡിംഗ്, ഹൾ സിറ്റി, ബ്രൈറ്റണ് ആൻഡ് ഹോവ് ആൽബിയൻ എന്നീ ടീമുകളുടെ ഭാഗമായിരുന്നു. 16 വർഷത്തെ പ്രൊഫഷണൽ കരിയറിൽ അദ്ദേഹം ഇംഗ്ലണ്ട് അണ്ടർ 21 ടീമിനായും കളിച്ചു.
2022ൽ ലിയാം ആദ്യ മുഖ്യ പരിശീലക റോളിൽ ഹളിനൊപ്പം ചേർന്നു. രണ്ട് വർഷത്തിനു ശേഷം സ്ട്രാസ്ബർഗിലേക്കെത്തുകയായിരുന്നു.
മോശം പ്രകടനങ്ങളെയും ക്ലബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയെയും തുടർന്നായിരുന്നു മുൻ പരിശിലകൻ എൻസോ മരെസ്ക ക്ലബ് വിട്ടത്.